കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വര്‍ഗീസ്. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സിവി വര്‍ഗീസ് ചൂണ്ടിക്കാട്ടി.
‘സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.
ഇടുക്കിയില്‍ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി ധീരജ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന് പല തവണ രംഗത്തെത്തിയിരുന്നു. നിഖില്‍ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്.
സാക്ഷിയില്ലാത്ത കേസ് നിലനില്‍ക്കുമോ തുടങ്ങിയ പരാമര്‍ശങ്ങളാണ് സുധാകരന് നടത്തിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ഇടുക്കി ചെറുതോണിയില്‍ പ്രതിഷേധ സംഗമം നടത്തിയതും അതേ യോഗത്തില്‍ വെച്ച് സുധാകരന് ഭീഷണിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതും. നേരത്തെ എംഎം മണി വണ്‍ ടു ത്രി കൊലപാതക പരാമര്‍ശം നടത്തിയതും ഇടുക്കിയില്‍ വച്ചായിരുന്നു.


