മിഷനറീസ് ഓഫ് ചാരിറ്റിയുടെ (എംഒസി) ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ അവരുടെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) രജിസ്ട്രേഷന് പുതുക്കുന്നത് ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. ചട്ടങ്ങള്‍ പാലിക്കാത്തതിനാലാണ് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയത്. ഇത് പുന:പരിശോധിപ്പിക്കാന്‍ മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിച്ചതായി ട്വീറ്റ് ചെയ്തത്. ‘ക്രിസ്മസ് ദിനത്തില്‍, കേന്ദ്ര മന്ത്രാലയം മദര്‍ തെരേസയുടെ ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. അവരുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നും ഇല്ലാതെ വലഞ്ഞു. നിയമം പരമപ്രധാനമാണ്. മാനുഷിക ശ്രമങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും മമത ട്വീറ്റില്‍ കുറിച്ചു.
ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ആരോപണം നിഷേധിച്ചു കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ബാങ്ക് അക്കൗണ്ട് റദ്ദാക്കിയതിനെതിരെ കൊല്‍ക്കത്ത അതിരൂപത രൂക്ഷമായി വിമര്‍ശിച്ചു. ദരിദ്രരായ മനുഷ്യര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കിയ ക്രൂരമായ ക്രിസ്മസ് സമ്മാനമാണിതെന്ന് കല്‍ക്കത്ത അതിരൂപത വികാരി ജനറല്‍ ഫാ. ഡൊമിനിക് ഗോംസ പറഞ്ഞു.


