ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡില്‍ പ്രധാന താരങ്ങളൊക്കെ ടീമിലേക്ക് തിരികെയെത്തി. രോഹിത് ശര്‍മ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നേരത്തെ, അജിങ്ക്യ രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റന്‍. രഹാനെയുടെ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രോഹിതിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
ന്യൂസീലന്‍ഡിനെതിരായ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷര്‍ദുല്‍ താക്കൂര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മന്‍ ഗില്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ടീമില്‍ തുടരും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമില്‍ തിരികെയെത്തി.
പരമ്പരയില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ശ്രേയാസ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരെ പരിഗണിച്ചില്ല. നവദീപ് സെയ്നി, സൗരഭ് കുമാര്‍, ദീപക് ചഹാര്‍, അര്‍സാന്‍ നഗ്വസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.
അതേസമയം, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ പരിമിത ഓവര്‍ മത്സരങ്ങളിലെ ക്യാപ്റ്റനായി നിയമിച്ചു. ട്വന്റി-20യില്‍ നേരത്തെ രോഹിതിനെ ക്യാപ്റ്റനാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഇന്ത്യന്‍ ഏകദിന ടീമിനെയും രോഹിത് നയിക്കും. വിരാട് കോലിക്ക് പകരമാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്.