നോട്ട് നിരോധനമെന്ന ചരിത്ര തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 2016 നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം നിലവില്‍ വന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ കറന്‍സി വിനിമയ രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്.
500 ന്റെയും 1000 ന്റെ യും നോട്ടുകള്‍ നിരോധിച്ചതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന 86% കറന്‍സിയും അസാധുവാക്കപ്പെട്ടു. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് നവംബര്‍ 7ന് പൊതുജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത് എങ്കില്‍ 2017 ജനുവരി മാസത്തില്‍ അത് 7.8 ലക്ഷം കോടി രൂപയുടെ കറന്‍സിയായി ഇടിഞ്ഞു.
നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷിക സമയത്തും എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ പെയ്മെന്റുകളിലെ വളര്‍ച്ചാ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുപിഐ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ചു കൊണ്ടുള്ള പെയ്മെന്റുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഫാസ്ടാഗ് ഇടപാടുകളിലും ഈ മാറ്റം ദൃശ്യമാണ്.
2016 നവംബറില്‍ 2.9 ലക്ഷം യുപിഐ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് ഇന്ത്യയില്‍ ഇപ്പോഴത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 4.2 ബില്യണാണ്. 2021 ഒക്ടോബറിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 103 ബില്യണ്‍ രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം ആളുകള്‍ കറന്‍സി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു വിലയിരുത്തല്‍. മഹാമാരിയ്ക്ക് ശേഷമുള്ള കറന്‍സി സര്‍ക്കുലേഷനിലെ വര്‍ധനവ് ഒരു ആഗോള പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങേയറ്റം അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന ഡാഷ് ടു ക്യാഷ് എന്ന പേരിലാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. യുഎസ്, സ്പെയിന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, റഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഡാഷ് ടു ക്യാഷ് സംഭവിച്ചിട്ടുണ്ട്.
2018 സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങാണ് ഡിജിറ്റല്‍ പെയ്മെന്റുകളുടെ എണ്ണത്തിലെ വര്‍ധനവ്. 2018 ബേസ് ഇയറായുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് ഇന്‍ഡക്സ് 100 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 270 പോയിന്റിലേക്ക് എത്തിയിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായി. വ്യാജ കറന്‍സികള്‍ കുറയുകയും ചെയ്തിട്ടുണ്ട്.
നോട്ട് നിരോധനത്തിന് ശേഷം 5 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48% വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങള്‍ തമ്മില്‍ വിനിമയം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. 2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്നു ജനങ്ങളുടെ പക്കലുള്ള കറന്‍സികളുടെ മൂല്യം 2017 ജനുവരിയില്‍ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു കുതിച്ചുകയറി.
അതേസമയം നോട്ട് നിരോധനം നികുതി ദായകരുടെ എണ്ണത്തിലും വന്‍ പുരോഗതി ഉണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നോട്ടു അസാധുവാക്കലിന്റെ അടുത്ത വര്‍ഷം നികുതി ഇനത്തില്‍ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. ഇതില്‍ പ്രധാനമായിരുന്നു കള്ളപ്പണത്തിന് കടിഞ്ഞാണിടാനുള്ള ശക്തമായ നീക്കം. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം നല്കി. ഇത് വിനിയോഗിച്ചത് 8 ലക്ഷം പേരാണ്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ദ്ധിച്ചു.


