ഓസ്ട്രേലിയ: സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്’ മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേരാണ് മാളിലുണ്ടായിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതിനിടെ, മാളില്‍നിന്നുള്ള ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയില്‍കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഷോപ്പിങ് മാള്‍ അടച്ചിട്ടുണ്ട്.


