മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോതമംഗലം വിദ്യാഭ്യാസ ജില്ലകളില്‍ പെട്ട സ്കൂളുകള്‍ക്കുള്ള ബസ്സുകളുടെയും, ലാപ്ടോപ്പുകളുടെയും വിതരണം ജനവരി ഏഴിന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. നിയോജക മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണ് ബസ്സുകള്‍ വിതരണം ചെയ്യുന്നത്. ഗവ ഈസ്റ്റ് ഹൈസ്കൂള്‍ കിഴക്കേക്കര, ഗവ എല്‍.പി.എസ് കാലാമ്പൂര്, ഗവ.എല്‍.പി.എസ്.മുടവൂര്‍, ഗവ യു.പി.എസ്.റാക്കാട്, ഗവ. യു. പി. എസ്. പായിപ്ര, ഗവ.ജെ.ബി.സ്കൂള്‍ വാഴപ്പിള്ളി, ഗവ.യു.പി.എസ്. കടാതി, ഗവ. യു.പി.സ്കൂള്‍ സൗത്ത് മാറാടി എന്നീ സ്കൂളുകള്‍ക്കാണ് ബസ്സുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.4-കോടി രൂപയാണ് അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 49-സ്കൂളുകള്‍ക്കായി 65-ലാപ്ടോപാണ് വിതരണം ചെയ്യുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.

