പെരുമ്പാവൂര്‍ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്കൂളില്‍ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് 64.73 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി അനുമതി ലഭ്യമാക്കിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
ഈ വര്‍ഷത്തെ എം.എല്‍.എ – ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. നാല് ക്ലാസ് മുറികളും ഒപ്പം അടുക്കളയും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. രണ്ട് നിലകളിലായി 2873 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. രായമംഗലം ഗ്രാമപഞ്ചായത്തില്‍ 1885 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ്. പ്രി പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 8 ഡിവിഷനുകളിലായി 148 കുട്ടികള്‍ 133 വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികള്‍ കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല് ആണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്.


