പാറ്റ്ന: ജഡ്ജി സ്വന്തം മകളെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഖഗരിയയിലെ ജില്ലാകോടതിയിടെ സെഷന്‍സ് ജഡ്ജിയാണ് സംഭവത്തില്‍ 24കാരി മകളെ വീട്ടതടങ്കലിലാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് രാജേന്ദ്രമേനോന്‍, ജസ്റ്റീസ് രാജീവ് രഞ്ജന്‍ പ്രസാദ് എന്നിവര്‍ തിങ്കളാഴ്ച കേസില്‍ വാദം കേള്‍ക്കും.
സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ബന്‍സലുമായുള്ള ബന്ധത്തിന്റെ പേരില്‍ പാറ്റ്നയിലെ ചാണക്യ ദേശീയ നിയമസര്വകലാശയില് നിന്നും ബിരുദം നേടിയ യശ്ശസ്വിനിയെയാണ് പിതാവ് സുഭാഷ് ചന്ദ്ര ചൗരസ്യ മര്‍ദ്ദിക്കുകയും ഖഗരിയയിലെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. 2012 ല്‍ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്.
കഴിഞ്ഞ മെയ് 6 ന് യശ്ശസ്വിനിക്ക് ഡല്‍ഹിയില്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയുണ്ടായിരുന്നു. മാതാവിനെയും കൂട്ടിയാണ് യശ്ശസ്വിനി എത്തിയത്. എന്നാല്‍ പരീക്ഷയുടെ തലേന്ന് മെയ് 5 ന് ബന്സാലുംയശ്ശസ്വിനിയും താമസിക്കുന്ന ഹോട്ടലിന് പുറത്തുവെച്ച് കണ്ടിരുന്നു. മാതാവ് വിവരം അറിയുകയും പരീക്ഷ പോലും എഴുതിക്കാതെ ഖഗാരിയയിലെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയുമായിരുന്നു. വീട്ടിലിട്ട് മര്‍ദ്ദിച്ചു.
ഇതിനിടയില്‍ യശ്ശസ്വിനിയെ ബന്‍സല്‍ വിളിക്കുകയും സെല്ഫോണിലൂടെ കരച്ചിലും മര്‍ദ്ദനവും കേള്‍ക്കുകയും ചെയ്തു. തന്റെ സീനിയര്‍മാരായ സഹപ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ബന്‍സല്‍ കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്രയെ നേരിട്ട് കാണുകയും ചെയ്തു. എന്നാല്‍ യശ്ശസ്വിനിയെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ജഡ്ജിക്കോ മാത്രമേ കൊടുക്കു എന്നായിരുന്നു സുഭാഷ് ചന്ദ്രയുടെ വാദം.
ബന്സലാകട്ടെ ഖഗരിയ ജില്ലാജഡ്ജി മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുക ആണെന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്നും ചോദിച്ച് ഡിജിപി കെ.എസ്. ദ്വിവേദിയെ സമീപിക്കുകയും ചെയ്തു.ഖഗാരിയ വനിതാ പോലീസ് സ്റ്റേഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഓഫീസര്‍ ജഡ്ജിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ സന്തോഷവതിയാണെന്നും ഒരു വിനോദയാത്ര കഴിഞ്ഞു വന്നതേയുള്ള അടുത്ത യാത്രയ്ക്ക് ഉടന്‍ പോകുകയാണെന്നുമാണ് പെണ്‍കുട്ടി നല്കിയ മറുപടി. ജൂണ്‍ 22 ന് ബാര്‍ ആന്റ് ബഞ്ച് പോര്‍ട്ടല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്


