തൃപ്പൂണിത്തുറ: തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍മ്മാണ മേഖലകള്‍ അടക്കം വിവിധ തൊഴില്‍ മേഖലകളില്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ഘടകത്തിന്റെ കീഴില്‍ ആരംഭിച്ച സേഫ്റ്റി ടെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റെറിന്റെ ഉദ്ഘാടനം ഇരുമ്പനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ഫാക്ടറികളിലും വ്യവസായശാലകളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ നാട്ടിലെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളിലെ അലംഭാവം മൂലം അപകടത്തില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സേഫ്റ്റി കൗണ്‍സില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം തൊഴിലാളികള്‍ക്കും സുരക്ഷ ഒരുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നുള്ള സഹകരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തില്‍ തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട കരാറുകാരനും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും. തൊഴില്‍ സുരക്ഷയില്‍ അവബോധം വളര്‍ത്തുവാനുള്ള കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.എല്‍.എ അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.വി തോമസ് എം.പി, എം.എല്‍.എ എം. സ്വരാജ്, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ഘടകം ചെയര്മാന് പി. പ്രമോദ്, സെക്രട്ടറി എം. തോമസ് കടവന്‍, കൊച്ചിന് ഷിപ്പ്യാഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ഐ.ഒ.സി ജനറല്‍ മാനേജര്‍ പി. എസ് മണി, കെ. എന്‍ ഗോപിനാഥ്, കെ.പി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.


