തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന ഭീഷണി മുഴക്കിയ പൂജാരി പൊലീസ് പിടിയില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂര്‍ സെന്റ് തോമസ് കോളെജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണ് സന്ദേശമെത്തിയത്. ബോംബ് വെച്ച് രാഷ്ട്രപതിയെ കൊലപ്പെടുത്തുമെന്നാണ് ഇദേഹം ഭീഷണി മുഴക്കിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷിച്ചതോടെയാണ് പൂജാരി ജയരാമന് അറസ്റ്റിലായത്. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണിയാള്.
മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍ എന്തിനാണ് ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാഷ്ട്രപതി തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും വരെ ഇദേഹത്തെ കരുതല്‍ തടങ്കില്‍ വെയ്ക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഇന്നലെ രാവിലെ ഉദ്ഘാടനം ചെയ്തശേഷം വൈകുന്നേരം കൊച്ചിയിലെത്തിയ രാഷ്ട്രപതി ഇന്ന് വൈകുന്നേരം മടങ്ങും. കൊച്ചിയില്‍ ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായി ചര്‍ച്ച നടത്തും. ഹെലികോപ്റ്ററില്‍ തൃശൂരിലേക്കു പോകുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളെജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ചൊവ്വാഴ്ച ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.45ന് ക്ഷേത്രത്തില്‍ എത്തും.
1.05ന് പുറത്തുകടക്കും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനനിയന്ത്രണമുണ്ടാകും. ഉച്ചപ്പൂജയ്ക്ക് 11.30ന് ക്ഷേത്രഗോപുരനട അടച്ചാല്‍ ഉച്ചയ്ക്ക് 12.30നാണ് തുറക്കുക. തുറന്നാല്പിന്നെ രാഷ്ട്രപതി വന്നുപോയിട്ടേ ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. രണ്ടുമണിക്ക് പതിവുപോലെ നട അടയ്ക്കും. ഗുരുവായൂരില്‍നിന്ന് 1.15ന് രാഷ്ട്രപതി മമ്മിയൂരില്‍ എത്തും. 15 മിനിറ്റ് ദര്‍ശനം കഴിഞ്ഞ് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയാലുടന്‍ രാഷ്ട്രപതി മടങ്ങും. പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഊഷ്മളവരവേല്‍പ്പ് നല്കി.


