പത്തനാപുരം : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണം നിലക്കുന്നത് പതിവായി. പത്തനാപുരം പട്ടണത്തിലെ നവീകരണം ഭാഗീകമായ മുടങ്ങി. ദിവസങ്ങളായി പട്ടണത്തില്‍ റോഡുപണി നടക്കാത്തതിനാല്‍ റോഡുയര്ത്തേണ്ട ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടാകും. ഇതുമൂലം നിര്‍മ്മാണം തടസപ്പെടുംെ.
കല്ലുംകടവ് തോട്ടിലേക്കെത്തുന്ന ഓടകള്‍ പലഭാഗത്തും പൂര്‍ത്തീകരിക്കാത്തതിനാല്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. പട്ടണത്തില്‍ റോഡിനു താഴ്ചയുള്ള ജനതാ ജങ്ഷനില്‍ പണികള്‍ പാതിവഴിയിലാണ്. റോഡിനെക്കാള്‍ ഏറെ ഉയരത്തില്‍ നിര്‍മിച്ച ഓടയാണ് ഇവിടെയുള്ളത്. ഓടയ്ക്കൊപ്പം ഉയരത്തിലാണ് റോഡ് നവീകരിക്കേണ്ടത്.
മുസ്ലിം ജമാഅത്ത് പള്ളിയുടെ ഭാഗംമുതല്‍ കല്ലുംകടവ് പാലംവരെ റോഡ് ഉയര്‍ത്താത്തതിനാല്‍ മഴയെത്തുമ്പോള്‍ ജനതാ ജങ്ഷന്ഭാഗം വെള്ളത്തിനടിയിലായി ഗതാഗത തടസ്സത്തിനിടയാകും. വണ്‍വേയുടെ പ്രവേശനകവാടമായ ഇവിടെ ഓട പൂര്‍ത്തിയാക്കാത്തതും പ്രശ്നമാകും. ഓട പണിയാന്‍ കമ്പികള്‍ നാട്ടിയിട്ട് ദിവസങ്ങളായിട്ടും കോണ്‍ക്രീറ്റ് നടത്തിയിട്ടില്ല.
തിരക്കേറിയ ജങ്ഷന് വെള്ളക്കെട്ടാകുന്നത് വണ്‍വേയിലും ക്രൗണ്‍ ഓഡിറ്റോറിയം ഭാഗത്തേക്കുമുള്ള റോഡുകളിലെ ഗതാഗതത്തെ ബാധിക്കും. നെടുമ്പറമ്പുമുതലുള്ള ഭാഗങ്ങളില്‍ റോഡില്‍ നിറയുന്ന മഴവെള്ളം ഓടയിലേക്ക് പ്രവേശിക്കാന്‍ മാര്ഗമുണ്ടാക്കിയിട്ടില്ല. മഴ കനക്കുമ്പോള്‍ റോഡ് തോടാകുമെന്ന ആശങ്കയുമുണ്ട്. ആദ്യഘട്ട ടാറിങ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ അടുത്തഘട്ടം വൈകുകയാണ്.
ഓട നിര്‍മിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഒരുപണിയും നടത്താത്ത ഭാഗങ്ങളും പട്ടണത്തിലുണ്ട്. മാര്‍ക്കറ്റ് ജങ്ഷനിലെ ചില വൈദ്യുതത്തൂണുകള്‍ റോഡുവശത്തേക്ക് മാറ്റിയിട്ടില്ല. ഓടയില്‍ നില്ക്കുന്ന തൂണ് നിലനിര്‍ത്തി ഓടപണി തീര്‍ക്കാന്‍ നടത്തിയ ശ്രമം വ്യാപാരികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. കാലവര്‍ഷം കനക്കുന്നതോടെ റോഡുപണിക്ക് ബുദ്ധിമുട്ടേറും. കഴിഞ്ഞമാസം പണികള്‍ പൂര്‍ത്തീകരിക്കുമെന്ന കെ.എസ്.ടി.പി. അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി.


