ദുബായ്: ജുമൈറയിലെ സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശനത്തിടെ എത്തിയത് ശ്രദ്ധേയമായി. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചത്. സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്കു കളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിവരിച്ചു കൊടുത്തു. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്ട്രോള് റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് മുഖേന സാധിക്കുമെന്നതാണ് പ്രത്യേകത. സ്റ്റേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രമുഖവ്യവസായി എംഎ യൂസഫലിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


