തിരുവനന്തപുരം: രാഹുല്‍ നിയമസഭയില്‍ എത്തണോ..? വേണ്ടയോ…?. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടങ്ങി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നു സസ്പെന്‍ഷനില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാഹുല്‍ കടുത്ത വിയോജിപ്പാണ് പറഞ്ഞിരിക്കുന്നത്. വിഡിയുടെ നിലപാടിനെ തള്ളി രാഹുലിനെ നിയമസഭയില്‍ എത്തിക്കാനാണ് എതിര് പക്ഷത്തിന്റെ നീക്കം. പൊതു രംഗത്തുനിന്നു വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ വനവാസമായിത്തീരുമെന്നാണ് രാഹുല്‍ അനുകൂലികള്‍ ഭയക്കുന്നത്.
എതിര്‍പ്പുമായി വിഡി
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തത് കോണ്‍ഗ്രസ് സംശുദ്ധമായ പ്രസ്ഥാനമാണെന്ന പ്രതിച്ഛായ ഉണ്ടാക്കിയെന്ന നിലപാടിലാണു വി ഡി സതീശന്. മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂടിയാലോചിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ ഒരാള്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുമെന്നുമാണ് വി ഡി സതീശന്റെ നിലപാട്. അച്ചടക്കം ലംഘിക്കുന്നവര്‍ ആരായാലും നടപടിയുണ്ടാവുമെന്ന സൂചന വി ഡി സതീശന് നല്‍കിയിട്ടുണ്ട്. തനിക്കെതിരായി നടക്കുന്ന സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രതയിലാണ് വി ഡി സതീശന്.
രാഹുലിനെ തടയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന്
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് രാഹുല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതി ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയതിനു പിന്നാലെ പ്രതിപക്ഷ നേതാവിനെതിരെ അടക്കം രൂക്ഷമായ സൈബര്‍ ആക്രമണമാണു നടക്കുന്നത്. രാഹുലിനെതിരെ ശക്തമായ മൊഴിയോ പരാതിയോ പോലുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ എന്തിന് മാറ്റിനിര്‍ത്തണമെന്നാണ് രാഹുല്‍ അനുകൂലികള്‍ ചോദിക്കുന്നത്. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാമെന്നാണ് പാര്‍ട്ടി നേരത്തെ പറഞ്ഞതെന്നും അതിനാല്‍ രാഹുലിനെ തടയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നുമാണ് രാഹുല്‍ അനുകൂലികളുടെ വാദം.
വിനയായി മൊഴികള്‍
രാഹുലിനെതിരെ യുവതികള്‍ അന്വേഷണ ഏജന്‍സിക്ക് കൃത്യമായി മൊഴി നല്കിയിട്ടുണ്ടെന്നുള്ള വിവരം പുറത്തുവന്നതോടെ രാഹുലിനെ നിയമസഭയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്