കോല്‍ക്കത്ത: പോലീസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കേ സെടുത്തു. ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ദിലീപ് ഘോഷ് അക്രമത്തിന് ആഹ്വാനം നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസിനെയും കൈകാര്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
പോലീസുകാരെ വിവസ്ത്രരാക്കി പരസ്യമായി തല്ലുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. മുന്‍ കേന്ദ്രമന്ത്രി ചിംദബരത്തെ അഴിക്കുള്ളിലാക്കാമെങ്കില് പ്രാണികളെയും കൊതുകിനെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസ് വെറും നിസാരമാണ്- ദിലീപ് ഘോഷ് പറഞ്ഞു. പോലീസിനെയും തൃണമൂല്‍ പ്രവര്‍ത്തകരെയും തല്ലുകയും എറിയുകയും ചെയ്യണം. അതിന് താന്‍ ഉത്തരവാദിത്തം ഏല്ക്കും. നിങ്ങള്‍ അവരെ തല്ലിയില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ഥ ബിജെപിക്കാരനല്ല. നിങ്ങള്‍ ശരിയായ കാര്യകര്ത്തയുമല്ലെന്നും ഘോഷ് പറഞ്ഞു. കിഴക്കന്‍ മിഡ്നാപൂരിലെ മച്ചേദയില് റാലിയില്‍ പങ്കെ ടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗം വിവാദമായതോടെ പോലീസ് ഘോഷിനെതിരെ കേസെടുത്തു. പൊതുപ്രവര്‍ത്തകര്‍ക്കും പോലീസിനുമെതിരെ അക്രമത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ചാണ് കേസ്.

