വൈ.അന്‍സാരി
തിരുവനന്തപുരം: തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ നോമിനികളുടെ ലിസ്റ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും എറണാകുളത്ത് ഹൈബിയുടെയും നോമിനികളായി എന്‍ പീതാംബരക്കുറുപ്പും റോബിന് പീറ്ററും ടി ജെ വിനോദും പട്ടികയിലെ ആദ്യപേരുകാരായി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. അരൂരില്‍ എം.ലിജു,അഡ്വ അനില്‍ ബോസ്, രാജേഷ് എന്നിവര്‍ പട്ടികയിലുണ്ട്.
വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പിനെതിരെ കെപിസിസി ആസ്ഥാന മുറ്റത്ത് ഉമ്മന്‍ചാണ്ടിയെയും കെ സുധാകരനെയും തടഞ്ഞുനിര്‍ത്തി കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് പ്രവര്‍ത്തകര്‍ ഇന്നലെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതിയോഗം തുടങ്ങുന്നതിന് മുമ്പ് കെപിസിസി എക്സിക്യൂട്ടിവ് അംഗം ശാസ്തമംഗലം മോഹനന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാല്‍, യോഗത്തില്‍ കെ മുരളീധരന് കടുത്ത നിലപാട് സ്വീകരിച്ചതോടെ കുറുപ്പിന് തന്നെയാണ് മുന്‍തൂക്കം. കുറുപ്പിന് പിന്നാലെ എ ഗ്രൂപ്പുകാരായ പിസി വിഷ്ണുനാഥും അഭിജിത്തും പട്ടികയിലുണ്ട്.
കോന്നിയില്‍ പത്തനംതിട്ട ഡിസിസിയുടെ എതിര്‍പ്പ് തള്ളിയാണ് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന് പീറ്ററെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളത്ത് ഹൈബി ഈഡന്റെ നോമിനി ടി ജെ വിനോദിന്റെ സ്ഥാനാര്‍ഥിത്വത്തിന് തന്നെയാണ് മുന്‍ തൂക്കം. എതിര് നീക്കങ്ങളുമായി കെ വി തോമസ് രംഗത്തുണ്ട്. സീറോമലബാര്‍ സഭയുടെ നോമിനിയായി ലക്സണ്‍ ഫ്രാന്‍സീസും കെ.പി.സി.സി ഉപാദ്ധ്യക്ഷ ലാലി വിന്‍സന്റും ലിസ്റ്റിലുള്ളതായി സൂചനയുണ്ട്. ഇതിന് പുറമേ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിവന്നാല്‍ പ്രഥമ പരിഗണനയിലുള്ള മുന്‍ മേയര്‍ ടോണി ചമ്മിണിയേയും ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം എറണാകുളത്ത് ടി ജെ വിനോദിനെയും കെ വി തോമസിനെയും അംഗീകരിക്കില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ പോസ്റ്റര്‍ പതിച്ചു. മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവരും മുതിര്‍ന്നവരും മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കണമെന്നാണ് അവരുടെ ആവശ്യം.
അരൂരിലാണ് ജാതി സമവാക്യങ്ങളില്‍ തട്ടി കോണ്‍ഗ്സ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇവിടെ ഈഴവ സ്ഥാനാര്‍ത്ഥിക്കാണ് പ്രഥമ പരിഗണന. ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെയും എഐസിസി അംഗം അഡ്വ. അനില്‍ ബോസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. സ്ഥാനാര്‍ഥി ആകുന്നില്ലന്ന മുന്‍ നിലപാടിലുറച്ചാണ് ലിജു. അങ്ങനെയെങ്കില്‍ രാജേഷോ അനില്‍ ബോസോ ഇവിടെ സ്ഥാനാര്‍ത്ഥിയാവും.
മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രാദേശികവികാരം കണക്കിലെടുക്കാതെ എം സി ഖമറുദ്ദീനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ മുസ്ലിംലീഗിലുയര്ന്ന പ്രതിഷേധം കുറഞ്ഞെങ്കിലും അങ്ങിങ്ങായി രാജി ഭീക്ഷണികള്‍ നടക്കുന്നുണ്ട്.


