ന്യൂഡൽഹി : എൻഡിഎ നേതാക്കൾക്ക് താക്കീതുമായി പ്രധാനമന്ത്രി. പൊതുപ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്നും എൻ ഡി എ നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഞായറാഴ്ച ഡൽഹിയിൽ നടന്ന എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളുമടങ്ങുന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം നൽകിയത്.
പാർട്ടി നേതാക്കൾ നടത്തുന്ന അനാവശ്യ പ്രസ്താവനകളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തുകയും, വിവേകമില്ലാത്ത പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. “എവിടെയും ഒന്നും സംസാരിക്കരുത്” എന്ന് പ്രധാനമന്ത്രി പറഞ്ഞതായും അച്ചടക്കമുള്ള ആശയവിനിമയത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതായും പ്രമുഖ നേതാവ് വെളിപ്പെടുത്തി.
“ഓപ്പറേഷൻ സിന്ദൂർ” വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്നാണ് വെടിനിർത്തൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ചില ബി.ജെ.പി. നേതാക്കൾ ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മധ്യപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ബി ജെ പി നേതാക്കളാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ സായുധ സേനയെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബി ജെ പി. എം എൽ എ വിജയ് ഷാ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി “അതേ സമുദായത്തിൽപ്പെട്ട ഒരു സഹോദരിയെ” പാകിസ്ഥാനിലേക്ക് അയച്ചുവെന്നായിരുന്നു ഷായുടെ പരാമർശം.
സമാനമായി, സായുധ സേന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ തലകുനിക്കണമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ നടത്തിയ പരാമർശവും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ബി ജെ പി. മന്ത്രിമാരുടെ ഈ പ്രസ്താവനകൾക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഈ പരാമർശങ്ങളെ കോൺഗ്രസ് ലജ്ജാകരമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ താക്കീത്.


