ഡോ.എം. റോസലിന്‍ഡ് ജോര്‍ജ് കേരള ഫിഷറീസ് സര്‍വകലാശാല വിസിയായി ഇന്ന് ചുമതല ഏറ്റേക്കും. വൈസ് ചാന്‍സലറായിരുന്ന കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫിഷറീസ് സര്‍വകലാശാലയിലെ പ്രഫസറായ റോസലിന്‍ഡിനെ വൈസ് ചാന്‍സിലര്‍ ആയി ഗവര്‍ണര്‍ നിയമിച്ചത്.
വിസി സെലക്ഷന് കമ്മിറ്റിയില്‍ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു പാനല്‍ നല്കുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിര്‍ദേശിച്ചതും യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു കണ്ടെത്തിയായിരുന്നു കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്.
യുജിസി ചട്ടപ്രകാരം പുതിയ സിലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പുതിയ നിയമനം.
നിലവില്‍ കുഫോസിലെ ഡീനും അധ്യാപികയുമായ റോസലിന്‍ഡ് ജോര്‍ജ് പുറത്താക്കപ്പെട്ട റിജി ജോണിന്റെ ഭാര്യയാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോണ്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവര്‍ണര്‍ താത്കാലിക വിസിയെ നിയമിച്ചത്.

