അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലെത്തി
കാല് നൂറ്റാണ്ടിന് ശേഷം തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. അമല്‍ ചന്ദ്രയാണ് പ്രസിഡണ്ട്. ആര്യ എസ് നായരാണ് വൈസ് പ്രസിഡന്റ്. കെ എസ് യുവിന്റെ നിരാഹാര പന്തലിലാണ് പ്രഖ്യാപനം നടന്നത്.
PSC പരീക്ഷാ ക്രമേക്കേടും എസ്എഫ്ഐ അധിക്രമങ്ങളിലെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്താണ് പ്രഖ്യാപനം നടത്തിയത്.
യൂണിറ്റ് പ്രസിഡന്റ് സി. അമല്‍ ചന്ദ്ര, വൈസ് പ്രസിഡന്റ് ആര്യ, സെക്രട്ടറി അച്യുത് എസ്, ജോയിന്റ് സെക്രട്ടറി ഐശ്വര്യ ജോസഫ്, ട്രഷറര്‍ അമല്‍ പി.ടി., എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ ബോബന്, ഇഷാന് എന്നിവരാണ് യൂണിറ്റ് ഭാരവാഹികള്‍. ഭയപ്പെടുത്തി ഭരിക്കുന്ന സാഹചര്യമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെന്ന് ചുമതലയേറ്റെടുത്ത് യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്ര പറഞ്ഞു. ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്നും അമല്‍ പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും അമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിലേക്ക് നീങ്ങിയ കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂണിറ്റ് ഭാരവാഹികളെ മാത്രം കോളേജിലേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കെഎസ്യുവിന്റെ കൊടി കോളേജിനകത്തേക്ക് കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാത്രമാണ് പൊലീസ് ഇന്ന് അകത്തേക്ക് കടത്തിവിട്ടത്. കോളേജ് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നു. . വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് കോളേജ് തുറന്നത്.
ഇതിനിടെ സെക്രട്ടറിയേറ്റ് പടിക്കല്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലെത്തി. ഒരാഴ്ച്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സമരത്തോട് പൂര്‍ണമായും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സമരത്തെ അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.