പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ഇതിന് പിന്നാലെ ഇരുനൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.
പാറശ്ശാല പൊന്‍വിളയില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇവിടെ സ്തൂപം സ്ഥാപിച്ചത്. സി.ഐ.ടി.യുവിന്റെ കൊടിയുടെ താഴെയായാണ് ഇത് സ്ഥാപിച്ചിരുന്നത്.
സ്തൂപത്തിന്റെ തൊട്ടടുത്തായി സി.പി.എമ്മിന്റെ ഫ്ളക്സ് ബോര്‍ഡുമുണ്ടായിരുന്നു. ആദ്യം ഈ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന നിലയില്‍ കാണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്തൂപം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.


