മൂവാറ്റപുഴ: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ മറനീക്കി പുറത്തേക്കു വന്നതിന് പിന്നാലെ അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകരുടെ ആവേശ പ്രകടനം. മൂവാറ്റുപുഴയിലെ വിശ്വാസ സംരക്ഷണ ജാഥ മധ്യമേഖല വേദിയിലേക്കാണ് അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള നിരവധി എംഎല്‍എമാരും കെപിസിസി ഭാരവാഹികളും വേദിയിലിരിക്കെയായിരുന്നു യോഗസ്ഥലത്തെത്തിയ അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റിയത്തിയത്.
ഈസമയം വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംഭവത്തില്‍ ഇടപെട്ട് മുദ്രാവാക്യം വിളിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് നിര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന് എംപിയാണ് നയിക്കുന്നത്. ജാഥ ഉദ്ഘാടനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍.