കോട്ടയം: കേരളകോണ്‍ഗ്രസിലെ സ്ഥാനമാറ്റതര്ക്കത്തില് പൊട്ടിതെറിച്ച് പി.ജെ.ജോസഫ്. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്മാന് ആക്കണമെന്നോ സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നോ നിര്‍ദ്ദേശം ഇല്ലെന്ന് പിജെ ജോസഫ തുറന്നടിച്ചു. ഒരു വിഭാഗത്തിനുമാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
കെഎം മാണിയുടെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തേക്ക് ജോസ് കെ.മാണിയെ കൊണ്ടുവരാനുള്ള നീക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുടലെടുത്ത തര്‍ക്കത്തോടു പ്രതികരിക്കുകയായിരുന്നു ജോസഫ്. നേതൃമാറ്റകാര്യത്തില് തീരുമാനമെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ലെന്നും പിജെ ജോസഫ് പറഞ്ഞു. മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന് പാര്‍ട്ടി തീരുമാനം ഉണ്ടായിരുന്നില്ല. ‘പ്രതിച്ഛായ’യിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ സി.എഫ് തോമസിനെ കണ്ടു. ഒപ്പം സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിവേദന സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.എഫ് തോമസ് പ്രശ്നം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതോടെ മടങ്ങിയ സംഘം പാലായിലെത്തി ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തി.


