തിരുവനന്തപുരം: കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തെ നികുതിഭരണ സംവിധാനം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും സതീശന് പറഞ്ഞു. 2020-ല്‍ പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിലെ ഉത്കണ്ഠകളും സൂചനകളുമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് സഭയില്പറഞ്ഞതില്നിന്ന്:-
സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് മുഖ്യമന്ത്രിയും ധനമന്ത്രിയും ആദ്യം സമ്മതിച്ചില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയാണിത്. ഒരു ഓട പണിയാന്‍പോലും പറ്റാത്ത സ്ഥിതിയിലേക്ക് ഈ സര്‍ക്കാര്‍ മാറുകയാണ്. പണമില്ല, അത് റിയാലിറ്റിയാണ്.
കൃത്യമായി നികുതിപിരിച്ച് വരുമാനത്തിനനുസരിച്ച് ചെലവ് ചെയ്ത് ജനക്ഷേമപരിപാടികളും വികസനവും നടത്തി മുന്നോട്ടുപോവുക എന്നതാണ് ഒരു സര്‍ക്കാരിന്റെ ഏറ്റവുംപ്രധാനപ്പെട്ട ജോലി. നമ്മള് ഒരു ഫെഡറല്‍ സ്റ്റേറ്റാണ്, കേന്ദ്രത്തില്‍നിന്ന് കൂടി പണം കിട്ടണം. പണമില്ലാതെ ഒന്നും ചെയ്യാന്പറ്റില്ല. ഞങ്ങള്‍ ചില വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് സന്തോഷമാണ്. കാരണം അവരുടെ വകുപ്പുകളുടെ കാര്യവും ദുരിതവുമെല്ലാം ഞങ്ങളാണല്ലോ ഇവിടെ പറയുന്നത്. അവര്‍ക്ക് അത് പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഞങ്ങള്‍ അതെല്ലാം പറയുന്നത്.
കേന്ദ്രപൂളില്‍നിന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൊടുക്കേണ്ടപണം 15-ാം ധനകാര്യ കമ്മീഷന് ആയപ്പോള്‍ അത് 1.925 ശതമാനായി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. അത് ഞങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഒരുമിച്ചുനിന്ന് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, നമ്മള് ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യേണ്ടേ.
വാറ്റില്നിന്നാണ് ജിഎസ്ടിയിലേക്ക് മാറ്റിയത്. വാറ്റും ജിഎസ്ടിയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം സംസ്ഥാന നികുതിവകുപ്പിന് ഇതുവരെ മനസിലായിട്ടില്ലേ. 80 ശതമാനം വസ്തുക്കളും അന്തര്‍സംസ്ഥാന ഇറക്കുമതിയിലൂടെ വരുന്ന സംസ്ഥാനമാണ് കേരളം. ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിവരുമാനം വര്‍ധിക്കേണ്ട ഒന്നാമത്തെ സംസ്ഥാനം കേരളം ആണെന്നായിരുന്നു നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍.
കേരളം ആയിരുന്നു ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഏറ്റവുംകുടുതല്‍ നികുതി കിട്ടേണ്ട സംസ്ഥാനം. എന്തുകൊണ്ട് കിട്ടിയില്ല? വാറ്റിലുണ്ടായിരുന്ന നികുതിഭരണ സംവിധാനം ജിഎസ്ടിക്കായി മാറ്റി പുനസംഘടിപ്പിക്കണം. ഇത് പുനസംഘടിപ്പിക്കണമെന്ന് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചയാളാണ് ഞാന്‍. ഇന്ത്യയിലെ 95 ശതമാനം സംസ്ഥാനങ്ങളും അത് പുനസംഘടിപ്പിച്ചിട്ടുണ്ട്.
കേരളസംസ്ഥാനം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇ-വേ ബില്ലില്ലാതെ സാധനംകൊണ്ടുവരിക, ഒരേബില്ല് ഉപയോഗിച്ച് പലതവണ ചരക്ക് കടത്തുക, ബില്ലില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ സാധനം കൊണ്ടുവരിക, ബില്ലില്‍ അളവ് കുറച്ച് രേഖപ്പെടുത്തുക എന്നിങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്.
2020 ഡിസംബറില്‍ പ്രതിപക്ഷം ഒരു ധവളപത്രം അവതരിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞ ഉത്കണ്ഠകളും സൂചനകളും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. സിസ്റ്റം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കള്ളക്കച്ചവടം നടക്കുമ്പോള്‍ ശരിയായി നികുതി അടയ്ക്കുന്നവര്‍ തകരുന്നു. ഇവിടെ ഒരു ഇന്റലിജന്‍സ് സംവിധാനവുമില്ല. മന്ത്രിയുടെ കൈകളില്‍ അല്ല ഇന്റലിജന്‍സ് സംവിധാനം. ചില സംഘടനകളാണ് ഇന്റലിജന്‍സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. അവര്‍ ഒരുപണിയും ചെയ്യുന്നില്ല, ഫുള്‍ സെറ്റില്‍മെന്റാണ്.ഐജിഎസ്ടി റിട്ടേണ്‍സ് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതിവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. നികുതി ഭരണസംവിധാനം കൃത്യമായി ഫങ്ഷന് ചെയ്യാത്തതിനാല്‍ 50000 കോടിക്കും 75000 കോടിക്കും ഇടയില്‍ നഷ്ടം അഞ്ചുവര്‍ഷം കൊണ്ടുണ്ടായി. മുന്‍പുണ്ടായിരുന്ന ധനകാര്യമന്ത്രി ചെയ്തുവച്ചതിന്റെ അപകടം. എവിടെയാണ് നികുതിഭരണ സംവിധാനം പരാജയപ്പെട്ടതെന്ന് പരിശോധിക്കണം.”


