കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂര്‍ ജില്ലയില്‍ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കണ്ണൂരില്‍ ഏറ്റെടുക്കേണ്ടത് 106 ഹെക്ടര്‍ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക.
പഠനം നടത്തുക കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏര്‍പ്പെടുത്തി. കെ റെയില്‍ പ്രഖ്യാപനമുണ്ടയത് മുതല്‍ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകള്‍ എന്നിവരെല്ലാം ഉയര്‍ത്തിയിട്ടുണ്ട്.
കെ റെയില്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ട് പ്രകാരം പദ്ധതി 2025 ന് പൂര്‍ത്തിയാകും. പദ്ധതിയ്ക്കായി മൊത്തം 1226.45 ഹെക്ടര്‍ ഭൂമി വേണ്ടത്. ഇതില്‍ 1074. 19 ഹെക്ടര്‍ സ്വകാര്യഭൂമിയാണ്. 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോ മീറ്റര്‍ വയല്‍-തണ്ണീര്‍ തടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. ഓരോ വര്‍ഷവും നടത്തിപ്പ് ചിലവ് കൂടിവരുമെന്ന് പുറത്തുവന്ന രേഖയില്‍ നിന്ന് വ്യക്തമാകുന്നു .കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവില്‍ ഡിപിആറുള്ളത്.


