ചെമ്പൂച്ചിറ സ്കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്തി. അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എ. ഷാജഹാന് ഐ.എ.എസിനാണ് നിര്‍ദേശം നല്‍കിയത്.
വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുന്ന സ്ഥിതിയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോപങ്ങളെ തുടര്‍ന്ന് കരാറുകാരോട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുയാണ് സ്കൂള്‍ അധികൃതര്‍. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളുടേയും സുരക്ഷ പരിശോധിക്കണമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപെടുന്നത്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

