ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്. അടുത്ത മാസം 9 മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ ആ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ല. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട തുറക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മരണം വരെ നിരാഹാരം കിടക്കും.
ടിപിആര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ അംഗീകരിക്കും. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസറുദീന്‍ തൃശൂരില്‍ അറിയിച്ചു.

