സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. എന്നാല്‍ മദ്യം പാഴ്സല്‍ വില്‍ക്കേണ്ടെന്നും ബിയര്‍ മാത്രം വിറ്റാല്‍ മതിയെന്നുമാണ് ബാറുടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോര്പറേഷന് ഇവര്‍ക്ക് നല്‍കിയിരുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതായിരുന്നു ഉടമകളുടെ പ്രതിഷേധത്തിന് കാരണം.
എന്നാല്‍ ബിയറിന്റേയും വൈനിന്റേയും വെയര്‍ഹൗസ് മാര്‍ജിന്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാന്‍ പോവുകയാണ്. കാലാവധി അവസാനിച്ചാല്‍ ഇവ ഉപയോഗ ശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.
പുതിയ സ്റ്റോക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ മറ്റു മദ്യം വില്‍ക്കില്ല എന്ന പഴയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍.

