ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് വേട്ടയാടുകയാണ് ബിജു രമേഷ് എന്ന് ജോസ് കെ മാണി. കെഎം മാണിയെ വേട്ടയാടിയ പോല വേട്ടയാടുകയാണ്. ബിജു രമേശിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
അന്ന് എന്റെ പിതാവിനെ വേട്ടയാടിയവര്‍ ഇപ്പോള്‍ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നാണ് ജോസ് കെ മാണിയുടെ വാക്കുകള്‍.
ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.
അതേസമയം, ബിജു രമേശിന്റെ ആരോപണം പാതി ശരിവച്ച് ബാര്‍അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ കല്ലാട്ട്. ജോസ് കെ.മാണി തന്റെ ഫോണില്‍ വിളിച്ചുവെന്നത് ശരിയാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് എന്നറിയാം. എന്നാല്‍ എന്താണ് പറഞ്ഞത് എന്ന് ഓര്‍മയില്ല. ബാറുടമകളുടെ യോഗം ചേരുന്നതിനിടെയാണ് ജോസ് കെ മാണി വിളിച്ചതെന്നും ജോണ്‍ കല്ലാട്ട് പറഞ്ഞു.