കോവിഡിന്റെ മൂന്നാം തരംഗം അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍. ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിത ശാസ്ത്രപരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ച സര്‍ക്കാര്‍ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.
അടുത്ത വര്‍ഷം ആദ്യത്തില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് അഗര്‍വാള്‍ പറഞ്ഞു. അതേസമയത്ത് തന്നെയാണ് പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരുതല്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ ഒമിക്രോണ്‍ മറികടക്കുമെന്ന് തോന്നുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഒമിക്രോണിനുള്ളത്. അതേസമയം സംക്രമണ ശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.


