ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയില്‍ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയാണ് ഇന്ത്യയെ തരംതാഴ്ത്തിയത്. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.
സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്കോര്‍ 71 ല്‍ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോര്‍ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 83 ല്‍ നിന്നും 88 ആയി കുറഞ്ഞു.
ഇന്ത്യയിലെ മുസ്ലിംകള്ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയെ തരംതാഴ്ത്തിയത്.
‘അദ്ദേഹത്തിന്റെ ഹിന്ദു ദേശീയതയിലധിഷ്ഠമായ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളുടെ മേല്‍ അമിത സമ്മര്‍ദം ചെലുത്തുക, അക്കാദമിക്കുകളെയും മാധ്യമ പ്രവര്‍ത്തകരെയും വിരട്ടുക, മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങള്‍ എന്നിവക്ക് നേതൃത്വം നല്കി. 2019 ല്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായി. 2020 ല്‍ കോവിഡ് പ്രതിരോധത്തിന്റെ പേരിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടായി.’ – വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഹിന്ദു ദേശീയതയിലധിഷ്ഠമായ സര്‍ക്കാര്‍ മുസ്ലിം ജനസംഖ്യയെ നേരിട്ട് ബാധിക്കുന്ന വിവേചനപരമായ നയങ്ങള്‍ക്കും, വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും, വിയോജന സ്വരമുയര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും, അക്കാദമിക്കുകള്ക്കും പൗര സമൂഹ സംഘങ്ങള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ അടിച്ചമര്‍ത്തലിനു നേതൃത്വം നല്‍കുകയാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷത്തെ തങ്ങളുടെ റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനമായ കാര്യം ഇന്ത്യയുടെ ഈ മാറ്റമാണെന്നും സംഘടന പറയുന്നു.


