ന്യൂഡെല്‍ഹി: സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നെങ്കിലും പ്രതി ഒരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. കേസിലെ അപ്പീല്‍ സുപ്രിം കോടതി പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
1984 ല്‍ ഇന്ദിരഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ കൂട്ട കൊല കേസിലായിരുന്നു വിധി. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.

