കന്നഡയിലെ ഹിറ്റ് നായകന് പുനീത് (46) അന്തരിച്ചു. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. വിഖ്യാതതാരം ഡോ. രാജ്കുമാറിന്റെ മകനാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് രാവിലെയാണ്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു.
അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന പുനീത് പ്രശസ്ത നടന് രാജ്കുമാറിന്റെ മകനാണ്. അമ്മ പാര്‍വതമ്മ. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി. 2002 ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായക സ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു.


