ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ വാര്‍ത്താ ചാനല്‍ ജീവനക്കാരെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ഡല്‍ഹി ഷഹദാര സ്വദേശി തയാബ് (23), കബിര്‍ നഗര്‍ സ്വദേശി ഷഹീബ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 10ാം തീയതി രാത്രിയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് പുരോഹിതും സഹജീവനക്കാരും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്ബോഴായിരുന്നു സംഭവം. ബരാപുള്ള ഫ്ലൈഓവര്‍ വഴി ഐഎന്‍എ മാര്‍ക്കറ്റിലേക്ക് കാറില്‍ യാത്ര ചെയ്യുമ്ബോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം തോക്ക് ചൂണ്ടി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി.
ഇതോടെ അക്രമികള്‍ പിന്നില്‍നിന്നും വെടിയുതിര്‍ത്തു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അക്രമികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും കിഴക്കന്‍ ഡല്‍ഹിയിലും നടത്തിയ റെയ്ഡില്‍ പോലീസ് പ്രതികളെ കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

