സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്സര് ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്.
2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസ് ലേണിങ് ആപ്പിന്റെ പ്രവര്‍ത്തനം. ഓപ്പോയും ബിസിസിഐയും തമ്മില്‍ ഒപ്പിട്ട കരാറിന് 2022 മാര്‍ച്ച് വരെ കാലാവധിയുണ്ട്. എന്നാല്‍, കരാര്‍ മൂല്യം വളരെ ഉയര്‍ന്നതാണെന്നും അസ്ഥിരവുമാണെന്ന് ചൂണ്ടിക്കാട്ടി അവകാശം ബൈജൂസിന് വില്ക്കാന് ഓപ്പോ തീരുമാനിക്കുകയായിരുന്നു. ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറുന്നതിനെ ബിസിസിഐ അംഗീകരിക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജേഴ്സിയുടെ മധ്യത്തില്‍ ‘ബൈജൂസ് ഇന്ത്യ’ എന്ന് തെളിയും.
ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറിയതിലൂടെ ബിസിസിഐയ്ക്ക് നഷ്ടമുണ്ടാകില്ല. 2017 മാര്‍ച്ചില്‍ ഓപ്പോയുമായി ഒപ്പിട്ട കരാര്‍ പ്രകാരം 1,079 രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് മൂല്യം. ഇതേതുക തുടര്‍ന്നും ബിസിസിഐയ്ക്ക് ബൈജൂസില്‍ നിന്ന് ലഭിക്കുമെന്നതിനാല്‍ ഇടപാടില്‍ ബിസിസിഐക്ക് നഷ്ടം സംഭവിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാകും ജേഴ്സിയില്‍ ബൈജൂസ് ഇടംപിടിക്കുക.


