ന്യൂഡല്‍ഹി: എന്‍ഡിഎയെ ഏതു വിധേനയും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള അതിശക്തമായ നീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎയ്ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ആറു കക്ഷികള്‍ കൂടി കൈകോര്‍ക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തൃണമൂലിനു പുറമേ സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, ഇടതുമുന്നണി എന്നിവര്‍ കൂടി അണിചേര്‍ന്ന് സെക്കുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്ന പേരില്‍ ബിജെപി വിരുദ്ധ വിശാല സഖ്യം രൂപപ്പെടുമെന്നാണു പ്രതിപക്ഷ ക്യാമ്പില്‍നിന്നു ലഭിക്കുന്ന സൂചന.
കോണ്‍ഗ്രസാണ് ഈ പേര് മുന്നോട്ടുവച്ചതെന്നും സഖ്യത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജയ്റാം രമേശ്, അഭിഷേക് മനു സിങ്വി, രണ്‍ദീപ് സുര്‍ജെവാല, അഹമ്മദ് പട്ടേല്‍ എന്നിവരെയാണ് വിശാലസഖ്യ നീക്കത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. നാലു ദിവസം മുമ്പു രൂപീകരിച്ച കോര്‍ കമ്മിറ്റി ത്രിതല പദ്ധതികളാണു മുന്നോട്ടുവച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകത്തില്‍ സീറ്റുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മറ്റെല്ലാ അഭിപ്രായഭിന്നതകളും മറന്ന് സഖ്യം സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

