പഹല്‍ഗാം ഭീകരാക്രമണത്തിന് ദ റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന നിഴല്‍ സംഘടനയെ പാകപ്പെടുത്തിയത് ആരെന്ന ചോദ്യത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്നത് ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ സൈഫുള്ള കസൂരിയിലേക്ക്. ഖാലിദ് എന്ന് അറിയപ്പെടുന്ന സൈഫുള്ള കസൂരി പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ലഷ്കര്‍ ഇ ത്വയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയ്യിദുമായി കസൂരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ല്‍ മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് സൈഫുള്ള കസൂരി പൊതുമധ്യത്തില്‍ രംഗപ്രവേശം ചെയ്തത്. ഹാഫീസ് സയ്യിദ് നേതൃത്വം നല്കുന്ന ജമാഅത്ത് ഉദ് ദവയുടെ രാഷ്ടീയ വിഭാഗമാണ് മിലി മുസ്ലിം ലീഗ്. ലഷ്കര്‍ ഇ ത്വയ്ബയുടെ പെഷവാര്‍ മേഖലാ കമാന്‍ഡറായും ജമാഅത്ത് ഉദ് ദവയുടെ സെന്‍ട്രല്‍ പഞ്ചാബ് കോര്‍ഡിനേഷന്‍ കമ്മിറ്റി തലവനായും ഖാലിദ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിന് പിന്നാലെ 2019ലാണ് ദ റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന രൂപംകൊണ്ടത്. ലഷ്കര്‍ ഇ ത്വയ്ബയില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നുമുള്ളവരാണ് ടിആര്‍എഫില്‍. ശ്രീനഗര്‍ സ്വദേശിയായ സജ്ജാദ് ഗുല്‍ ആണ് തലവന്‍. ലഷ്കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയാണെന്ന് കണ്ടെത്തി 2023ല്‍ ടിആര്‍എഫിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സജ്ജാദ് ഗുല്ലിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഭീകരവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യുക, ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്നുള്ള ആയുധ, ലഹരിക്കടത്ത് എന്നിവയിലൊക്കെ ടിആര്‍എഫിന്റെ പങ്ക് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ഗന്ദര്‍ബാലില്‍ ഡോക്ടറേയും ആറ് തൊഴിലാളികളേയും കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. വിനോദസഞ്ചാരികളെന്ന് പറഞ്ഞ് വരുന്നവര്‍ ഈ ഭൂമി സ്വന്തമാണെന്ന് കരുതും. അവര്‍ക്ക് നേരയാണ് ഈ ആക്രമണം എന്നാണ് പഹല്‍ഗാം ഭീകരതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫിന്റെ പ്രതികരണം.

