മുംബൈയിലെ മലയാളി നേഴ്സുമാരുടെ ദുരവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ.ജി.എന്‍.എ ആവശ്യപ്പെട്ടു. മുംബൈയിലെ ജസ് ലോക് ആശുപത്രിയിലേയും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേയും കോവിഡ് 19 ബാധിതരായ മലയാളി നേഴ്സുമാര്‍ കടുത്ത ദുരിതത്തിലാണ്. ആശുപത്രി അധികൃതരോ മഹാരാഷ്ട്ര സര്‍ക്കാരോ ഇവരെ തിരിഞ്ഞ് നോക്കുന്നില്ല. യാതൊരു മാനദണ്ഡവും പാലിക്കാതെ ഇവരെ കൂട്ടത്തോടെ പണിതീരാത്ത ഒരു കെട്ടിടത്തിലെ ഒരു ഹാളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ സുരക്ഷ പോലും ഒരുക്കിയിട്ടില്ല. അനുവദിച്ചിട്ടുള്ള രണ്ട് ശുചി മുറികളില്‍ ഒന്ന് പൂര്‍ണ്ണമായും ഉപയോഗശൂന്യമാണ്. താമസ സ്ഥലം വൃത്തിയാക്കാനോ ആഹാര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനോ ആരുടേയും സഹായം ലഭ്യമല്ല. ആഹാരവും കുടിവെള്ളവും ആവശ്യത്തിന് ലഭ്യമല്ല. അസുഖത്തിന് ചികിത്സ ആവശ്യപെടുന്നവരെ ആശുപത്രി അധികാരികള്‍ ഭീഷണി പെടുത്തുന്നുവെന്നാണ് നേഴ്സുമാരുടെ പരാതി. ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട് .
ആശുപത്രികളില്‍ ജോലിക്ക് നിയോഗിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ലഭ്യമാക്കാത്തതാണ് നേഴ്സുമാര്‍ കൂട്ടത്തോടെ കോവിഡ് ബാധിതരാവാന്‍ കാരണം. ലാഭകൊതി മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രി മുതലാളിമാര്‍ നേഴ്സുമാരടക്കമുള്ള ജീവനക്കാരെ അടിമകളെ പോലെയാണ് കാണുന്നത്. ഇവരുടെ ജീവന് മാനേജുമെന്റുകള്‍ യാതൊരു വിലയും കല്പിക്കുന്നില്ല. ജോലി സമയത്ത് സുരക്ഷാ ഉപകരണങ്ങള്‍ അനുവദിക്കുന്നത് വന്‍ ബാധ്യതയായി ഇവര്‍ കരുതുന്നു. രോഗബാധിതരെ പോലും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നു. രോഗത്തിന്റെ കാര്യം സൂചിപ്പിക്കുമ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാം എന്നാണത്രേ മറുപടി.
മഹാരാഷ്ട്ര സര്‍ക്കാരാവട്ടെ മാനേജ്മെന്റുകള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രശ്നത്തില്‍ ഗൗരവമായി ഇടപെടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
നേഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായുള്ള ഇത്തരം ക്രൂരതകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവരേയും കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ അരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിന്റെ പരാതിയില്‍ ഉള്‍പ്പെടുത്തി നിയമ നടപടികള്‍ സ്വീകരിക്കണം.
ദുരിതമനുഭവിക്കുന്ന മുഴുവന്‍ മലയാളി നേഴ്സുമാരേയും കഴിയുന്നത്ര വേഗത്തില്‍ കേരളത്തിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


