ശ്രീനഗര്‍: കശ്മീരില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണെന്ന് കാലാവസ്ഥാ പഠനവിഭാഗം വ്യക്തമാക്കുന്നു.
ശ്രീനഗറിന് പുറമേ ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖാസിഗുണ്ഡ്, കുപ്വാര, ഗുല്‍മാര്‍ഗ്, ലേ, ദ്രാസ് എന്നിവിടങ്ങളിലും സീസണിലെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഗുല്‍മാര്‍ഗില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 11.5 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുല്‍മാര്‍ഗിലുണ്ടായ ഏറ്റവും തണുത്ത രാവാണിതെന്ന് കാലാവസ്ഥാ പഠന വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.

കാര്‍ഗില്‍ ജില്ലയിലെ ദ്രാസാണ് കശ്മീരിലെ ഏറ്റവും തണുപ്പേറിയ മേഖല. മൈനസ് 19.7 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ഇവിടുത്തെ താപനില. തെക്കന്‍ കശ്മീരിലെ കോകര്‍നാഗില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മേഖലയില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ തണുപ്പാണിത്. വടക്കന്‍ കശ്മീരിലെ കുപ്വാരയില് മൈനസ് 4.5 ഡിഗ്രി സെല്‍ഷ്യസും ലഡാക്കിലെ ലേ നഗരത്തില്‍ മൈനസ് 13.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയും വെള്ളിയാഴ്ച രേഖപ്പെടുത്തി.


