ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത്? അഭിയാന് പാക്കേജ്? എന്ന പേരില്‍ 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. 10 ശതമാനം കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും. എല്ലാ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും ഉത്തേജനം നല്‍കാനാണ് പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍ ധനകാര്യവകുപ്പ് നാളെ പുറത്ത് വിടും.
നാല് മാസമായി കോവിഡ് വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാം കീഴടങ്ങുകയോ തോറ്റു കൊടുക്കുകയോ ഇല്ല. കോവിഡിന് ശേഷം ഇന്ത്യയെ കരുത്തുറ്റതാക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


