ദില്ലിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും വിൽക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.
പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വിൽപന, ഉപയോഗം എന്നിവ പൂർണമായും നിരോധിച്ചതായി മന്ത്രി അറിയിച്ചു. ഓൺലൈൻ പടക്ക വിൽപ്പനയും നിരോധിക്കും. ഡൽഹി പൊലീസും ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡും ധനമന്ത്രാലയവും ചേർന്നാണ് നിരോധനം നടപ്പാക്കുക. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത പദ്ധതി തയ്യാറാക്കും.
ഉത്സവ കാലത്ത് അവസാന നിമിഷം നിരോധനം ഏർപ്പെടുത്തിയാൽ പടക്ക വ്യാപാരികൾക്കുണ്ടാകുന്ന അസൌകര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് പകരം ദീപങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച് ഉത്സവങ്ങൾ ആഘോഷിച്ച് വായുമലിനീകരണത്തിനെതിരെ പൊരുതണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വായുമലിനീകരണം തടയാൻ ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


