നോയിഡ: ട്രാഫിക് പോലീസുമായുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്ന ആരോപണവുമായി പിതാവ്. ഗാസിയാബാദ് ട്രാഫിക് പോലീസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സോഫ്റ്റ്വെയര് കന്പനിയില്‍ ജോലി ചെയ്യുന്ന പ്രമേഹരോഗിയായ യുവാവ് മാതാപിതാക്കള്‍ക്കൊപ്പം കാര്‍ ഓടിക്കവെ ഗാസിയാബാദിലെ സിഐഎസ്എഫ് കട്ടിന് അടുത്തുവച്ചു ട്രാഫിക് പോലീസ് തടഞ്ഞു. പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കായായിരുന്നു തടയല്‍. ഇതിനിടെ കാര്‍ ഓടിച്ചിരുന്ന മകനും പോലീസുകാരനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനു പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്നു മകന് മരിച്ചെന്നുമാണു പിതാവ് ആരോപിക്കുന്നത്. ട്രാഫിക് നിയമത്തിലെ പിഴയ്ക്കു മാത്രമാണു മാറ്റമുണ്ടായിരിക്കുന്നത്. വാഹനം പരിശോധിക്കുന്പോഴും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്പോഴും മര്യാദ കാട്ടണം. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചിട്ടില്ല. രണ്ടു വൃദ്ധരായ മനുഷ്യര്‍ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ചു കാറില്‍ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തില്‍ ഇതിനു വകുപ്പുണ്ടെന്നു കരുതുന്നില്ല- പിതാവ് പറയുന്നു.
മകന് മരിച്ചശേഷം, നോയിഡ പോലീസ് സമീപിച്ചെങ്കിലും അപ്പോഴേക്കും തനിക്കു മകനെയും അഞ്ചുവയസുകാരിയായ കൊച്ചുമകള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടിരുന്നതായി പിതാവ് പറയുന്ന വീഡിയോ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രശ്നത്തില്‍ ഇടപെടണമെന്നും ഇദ്ദേഹം വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നു.

