തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ നടക്കും. തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ്. ഒഴികെ 10 ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്, പത്രവിതരണം, വിനോദ സഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

