ചെറുതോണി: രാജ്യത്തെ 719 ഡാമുകളുടെ നവീകരണത്തിനും പുന:രുദ്ധാരണത്തിനുമായി 10,220 കോടി രൂപയുടെ എസ്റ്റിമേറ്റും അപേക്ഷകളും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന നിതിന്‍ ഗഡ്ഗരി അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി യ്ക്ക് രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു.വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഏജന്‍സികളുമാണ് കേന്ദ്രാനുമതിയ്ക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ലോക ബാങ്ക് സഹായത്തോടെ ഡാമുകളുടെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.
2018 ജനുവരി 11 ന് ഉള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പ് മുല്ലപ്പെരിയാറിനായി പ്രത്യേക സബ്കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതായും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലവിഭവവകുപ്പ് സെക്രട്ടറി ചെയര്‍മാനായാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ഡാമുകളുടെ നിര്‍മ്മാണവും സംരക്ഷണവും സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാനം ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഏകോപനമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഡാമുകളുടെ സംരക്ഷണത്തിനും പരിശോധനകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിനു സ്വീകരിക്കാന്‍ കഴിയുമോയെന്നും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നുമുള്ള എം പി യുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


