ദില്ലി: ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ തൽക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ഡോക്ടർമാരുടെ അനുമതിയോടെ പെൺകുട്ടിയെ ഉടൻ ദില്ലിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി തൽക്കാലം മരവിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സ തുടരുന്നതാണ് താത്പര്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, യുപി റായ്ബറേലിയിലെ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ കണ്ട് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയുടെ കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുൽദീപ് സിംഗ് സെംഗാറിനും പത്ത് പേർക്കുമെതിരെ കേസും റജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെ നിരീക്ഷിക്കാനും, എങ്ങോട്ടെല്ലാം സഞ്ചരിക്കുന്നു എന്നറിയാനും സെംഗാർ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെത്തന്നെ സ്വാധീനിക്കുകയും ചെയ്തിരുന്നു എന്നും തെളിവുകളും ലഭിച്ചിരുന്നു.


