തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി.രാവിലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് അറിയിച്ചു.
ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും പ്രാഥമികാംഗത്വത്തിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. മുമ്പ് ഭാസുരാംഗനെ പാര്‍ട്ടി സംരക്ഷിച്ചു എന്ന വാദം ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.


