കോട്ടയം : അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതെ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആരോപിച്ചു. പൗരത്വ ബിൽ പിൻവലിക്കുക, റബർ ഉൾപ്പെടെയുള്ള നാണ്യ വിളകളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റി നടത്തി പാർലമെന്റ് മാർച്ചിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
70 ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില 29 ഡോളർ ആയി കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ് 30 ശതമാനത്തിൽ കൂടുതൽ രാജ്യാന്തര വിലയിടിഞ്ഞിട്ടും ഇൻഡ്യയിൽ 5 ശതമാനം വിലക്കുറവ് പോലുമില്ല. നിലവിലെ വില അനുസരിച്ചു 50 രൂപക്കു പെട്രോൾ ജനങ്ങൾക്ക് ലഭിക്കണം. വില കുറവ് ജനങ്ങളിൽ എത്തിക്കാതെ സർക്കാരുകളും കുത്തക പെട്രോൾ കമ്പനിക്കാരും ജനങ്ങളെ പിഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യുപിഎ ഭരണ കാലത്ത് ബാരലിന് 185 ഡോളറുള്ളപ്പോൾ, ഇന്ത്യയിൽ 1 ലിറ്റർ പെട്രോളിന് വില 66 രൂപയായിരുന്നു ഗ്യാസ് വില 300 രൂപയും. എന്നാൽ ഇന്നത്തെ ക്രൂഡ് ഓയിൽ വില ബാരലിന് വെറും 27 ഡോളർ, എന്നിട്ടും 1 ലിറ്റർ പെട്രോളിനും ഡീസലിനും ശരാശരി 72 രൂപ കൊടുക്കണം . ഗ്യാസ് വിലക്ക് 989 രൂപയും. ഇത്തരത്തിൽ മാരകമായ കൊള്ളയടിക്കാണ് മോദി സർക്കാർ കൂട്ടുനിൽക്കുന്നതെന്നും എല്ലാ മേഖലകളിലും ജനോപദ്രവകരമായ നടപടികൾ സ്വീകരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര എന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ വിപിൻ എടൂർ, ബിജു കുന്നേപ്പറമ്പൻ, സുമേഷ് ആൻഡ്രൂസ്, ജോസഫ് സൈമൺ,സാബു കുന്നേൽ, വിജയ് മരേട്ട്, ഷൈയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിയിൽ എന്നിവർ പ്രസംഗിച്ചു.


