അടിമാലി: സമയത്തിന് ആശുപത്രിയിലെത്താനാവാതെ ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ പ്രസവം. എളംബ്ലാശ്ശേരി ആദിവാസി കുടിയിലെ മാളുവാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അടിമാലി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എളംബ്ലാശ്ശേരി ആദിവാസി കുടിയില്‍ നിന്ന് ജീപ്പല്ലാതെ പുറം ലോകത്തെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രസവ വേദന കലശലായതോടെ 30 കി.മീ അകലത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കിട്ടിയ ജീപ്പില്‍ ഭര്‍ത്താവ് ലാലു , മാളുവിനെയും കൊണ്ട് തിരിച്ചു. ആംബുലന്‍സിനെ വിളിച്ചിരുന്നുവെങ്കിലും കുടിയിലേക്കെത്തുന്നതിന് വഴി തടസമായിരുന്നു.
ഇതോടെയാണ് ജീപ്പ് വിളിച്ചത്. പതിനാലാം മൈല്‍ വരെ ജീപ്പില്‍ കൊണ്ടുപോയി.. ശേഷം ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍ അധിക ദൂരം പിന്നിടും മുമ്പേ മാളു ആംബുലന്‍സില്‍ പ്രസവിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ആരുമുണ്ടായിരുന്നില്ല.. അതിനാല്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് പ്രസവിച്ചത്. പ്രസവശേഷം അധികം വൈകാതെ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കാനായതാണ് ആശ്വാസമായത്


