എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതര്‍’ വേദിയാക്കി 12 സ്ത്രീകള്‍. അമ്പലമുകള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ 1991 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മറൈന്‍ ഡ്രൈവില്‍ നടന്നു വരുന്ന എന്റെ കേരളം വിപണന മേളയില്‍ ഒത്തുകൂടിയത്.
സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു. പിന്നീട് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും സൗഹൃദം വീണ്ടെടുത്തു. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യാത്രകളും ഒത്തു ചേരലുകളുമെല്ലാം പ്ലാന്‍ ചെയ്യുന്നത്. കുട്ടികളെയും കുടുംബത്തെയും കൂടെ കൂട്ടണമെന്നു ആഗ്രഹമുള്ളവര്‍ക്ക് ആവാം. വാഗമണ്‍, മൂന്നാര്‍, അതിരപ്പിള്ളി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ബാച്ചിലുള്ള മറ്റു സുഹൃത്തുക്കളെയും കൂട്ടി പോയിട്ടുണ്ട്.
സ്ത്രീകള്‍ മാത്രമായിട്ടുള്ള ഒത്തു ചേരല്‍ ഇത് ആദ്യമായാണ്. വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഒരു ദിവസത്തെ ആഘോഷമാക്കാനാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തിയതെന്ന് അവര്‍ പറയുന്നു. യാത്രകളും ആഘോഷങ്ങളും മാത്രമല്ല, ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മയിലൂടെ ഭാഗമാകാറുണ്ട്. ജയന്തി, സുനിത, നിഷ, ജോളി, ദീപ, ദിന, രാജേശ്വരി, ഷൈലജ, മിനി, സുധ, പ്രീതി, റീന എന്നിവരാണ് എന്റെ കേരളം പ്രദര്‍ശന മേളയിലെത്തിയത്.