തൃശൂര്‍: പൊതുവിദ്യാലയ മികവുകള്‍ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ ജില്ലയിലെ ഒരു സ്കൂളിന്റെ സംപ്രേഷണം ഇതുവരെ പൂര്‍ത്തിയായി. അക്കാദമിക രംഗത്തെ മികവുകള്‍ക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും എല്ലാം ഈ ഷോയില്‍ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തകയും ചെയ്യുന്നു.
മറ്റ് വിദ്യാലയങ്ങക്ക് മാതൃകയാക്കാവുന്നതും പുത്തന്‍ ആശയങ്ങള്‍ നല്‍കുന്നതുമായ ഒട്ടനവധി അവതരണങ്ങളാണ് ഹരിത വിദ്യാലയം ഷോയിലൂടെ കാണികളിലേയ്ക്ക് എത്തുന്നത്.
എല്ലാ ദിവസവും വൈകിട്ട് 07 മണിക്കാണ് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഈ ഷോയുടെ സംപ്രേഷണം. സംസ്ഥാനത്തെ ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിലെ അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്. ഹരിതവിദ്യാലയത്തില്‍ ജില്ലയില്‍ നിന്ന് 5 സ്കൂളുകളാണ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.
നേരത്തെ സെന്റ് ജോസഫ് എച്ച് എസ് എസ് മതിലകത്തിന്റെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് 20/01/2023 ന് മാതാ ഹൈസ്കൂള്‍ മണ്ണംപേട്ട, 29/01/2023 സി എന്‍ എന്‍ ജി എല്‍ പി എസ് ചേര്‍പ്പ്, 10/02/2023 ജി എല്‍പി എസ് കോടാലി, 19/02/2023 എല്‍ എഫ് സി ജി എച്ച് എസ് എസ് ഇരിങ്ങാലക്കുട എന്നീ വിദ്യാലയങ്ങള്‍ ഷോയില്‍ പങ്കെടുക്കും.
രാജ്യത്തെ ആദ്യത്തേതും ഏറ്റവും ബൃഹത്തായതുമായ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയത്തിന്റെ മുഴുവന്‍ എപ്പിസോഡുകളും www.hv.kite.kerala.gov.in ല്‍ ലഭ്യമാണ്.


