കോതമംഗലം: പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുപിടിപ്പിച്ചിട്ടുള്ളതും റവന്യു- വനം വകുപ്പുകളുടെ അനുമതി ലഭിച്ച ശേഷം മുറിച്ച മരങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസ് എടുക്കുവാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ നിരവധി കര്‍ഷകരുടെ പേരിലാണ് വനം വകുപ്പ് നടപടി എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എം.പി മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും നേരില്‍ കണ്ടു കത്തു നല്കി.
കര്‍ഷകര്‍ മുറിച്ചിട്ട മരങ്ങള്‍ക്ക് റവന്യൂ ഫോറസ്റ്റ് അധികാരികളുടെ പാസ് ലഭിക്കാത്തത് മൂലം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 2020 മുതല്‍ വെട്ടിയ മരങ്ങളുടെ എണ്ണം എടുത്ത് കര്‍ഷകരുടെ പേരില്‍ കേസെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുഷ്ടലാക്കോടെയെന്ന് എം.പി. പറഞ്ഞു.
വന്യ മൃഗങ്ങളുടെ കടന്നു കയറ്റം മൂലം വിള നശിപ്പിക്കലും വിളനാശം വിലത്തകര്‍ച്ചയും കടബാധ്യതയും മൂലം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതെ കര്‍ഷകരുടെ മേല്‍ അനാവശ്യ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അതിശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും എംപി പറഞ്ഞു.

