ഒളവണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി പൈപ്പ് പൊട്ടി വലിയ തോതില്‍ കുടിവെള്ളം പാഴാകുന്നതില്‍ ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നതു കാരണം ശക്തിയായി വെള്ളം തുറന്നു വിടാനാകാത്ത സാഹചര്യമാണുള്ളത്. ഇതു കാരണം കുന്നിന് മുകളിലുള്ള വീടുകളില്‍ ആഴ്ചകളായി വെള്ളം കിട്ടാത്ത അവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചത്.
പൈപ്പിടുന്നതില്‍ വന്ന ഗുരുതരമായ അപാകതകളാണ് പ്രശ്നത്തിന് കാരണമെന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റിയിലും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പൈപ്പ് പൊട്ടി വലിയ തോതില്‍ വെള്ളം പുറത്തേക്ക് തള്ളി വരുന്നതു മൂലം മിക്ക ഗ്രാമീണ റോഡുകളും പല ഭാഗത്തും തകരാനിടയായിട്ടുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.
പ്രതിഷേത്തിന് മണ്ഡലം പ്രസിഡന്റ് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. സുബൈര്‍ കൈമ്പാലം, നിഷാദ് മണങ്ങാട്ട്, കെടി സുബീഷ്, രാജീവന് കുളങ്ങര, കെടി പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.

